പത്തനംതിട്ട. കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ഒറ്റകക്ഷിയായ ബിജെപിയെ പുറത്താക്കി. സ്വതന്ത്രൻ സുരേഷ് കുഴിവേലിൽ പ്രസിഡൻ്റായി. നിരണത്ത് സ്വതന്ത്രന്മാർ യുഡിഎഫിനെ പിന്തുണച്ചു. ഇടതുപിന്തുണയിൽ കോൺഗ്രസ് വിമതൻ റെനിസനൽ പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റായി.
അങ്ങേയറ്റം നാടകീയത നിറഞ്ഞതായിരുന്നു ജില്ലയിലെ ത്രിതല പഞ്ചായത്തിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്. കോട്ടങ്ങൽ പഞ്ചായത്തിൽ അഞ്ച് സീറ്റ് വീതം നേടി തുല്യതയിലായിരുന്നു യുഡിഎഫും ബിജെപിയും. മൂന്നു സീറ്റ് നേടിയ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എട്ടു വോട്ട് നേടി യുഡിഎഫിന്റെ കെ വി ശ്രീദേവി പ്രസിഡൻ്റായി. എന്നാൽ വർഗീയശക്തികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ് പ്രസിഡൻറ് സ്ഥാനം രാജിവച്ചു.
യുഡിഎഫ് പിന്തുണ നിരസിച്ചതോടെ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ നിരുപാധിക പിന്തുണ ഉണ്ടാകില്ലെന്ന് എസ്ഡിപിഐയും പ്രഖ്യാപിച്ചു.
അയിരൂർ പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻഡിഎയെ അട്ടിമറിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. 6 സീറ്റ് നേടിയ ബിജെപിയെ ഒഴിവാക്കി സ്വതന്ത്രനെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചു. അയിരൂരിൽ സുരേഷ് കുഴിവേലി പ്രസിഡണ്ടായി.
മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻറെ പഞ്ചായത്തിൽ യുഡിഎഫ് വിമതനെ എൽഡിഎഫ് പിന്തുണച്ചു. എൽഡിഎഫ് പിന്തുണയോടെ റെനി സനൽ പുറമറ്റം പ്രസിഡണ്ടായി. നിരണം പഞ്ചായത്തിൽ രണ്ട് സ്വതന്ത്രരും യുഡിഎഫിനെ പിന്തുണച്ചു. വള്ളിക്കോട് പഞ്ചായത്തിൽ എൽഡിഎഫ് പ്രതിനിധി യുഡിഎഫിന് വോട്ട് ചെയ്തപ്പോൾ സീതത്തോട്ടിൽ യുഡിഎഫിന്റെ ഒരു വോട്ട് എൽഡിഎഫിന് ലഭിച്ചു. വോട്ട് മാറി കുത്തിയത് അറിയാതെ സംഭവിച്ചെന്നാണ് വിശദീകരണം.




































