ആലപ്പുഴ. വാഹനപരിശോധനക്കിടെ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി. എറണാകുളം കണ്ണമാലി പോലീസിനെതിരെയാണ് ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ പരാതി. വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്കും പോലീസുകാരനും പരിക്കേറ്റു.
ഫോർട്ട് കൊച്ചിയിൽ നിന്ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങിയ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവിനുമാണ് ദുരനുഭവം. എറണാകുളം ചെല്ലാനം ഹാർബറിന് സമീപത്ത് രാത്രി ഒന്നരയോടെ പോലീസ് ബൈക്കിന് കൈ കാണിച്ചു. നിർത്താനൊരുങ്ങിയ വാഹനം പോലീസ് കടന്നു പിടിച്ചതോടെ മറിഞ്ഞു വീണു. അപകടത്തിൽ അനിലിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് ഗുരുതര പരിക്ക്. കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിപിഓ സാബുമോനും ഗുരുതര പരിക്കേറ്റു. അനിലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് പരാതി.
ആരോപണം കണ്ണമാലി പോലീസ് നിഷേധിച്ചു. വാഹന പരിശോധനക്കിടെ പോലീസുകാർക്കിടയിലേക്ക് യുവാക്കൾ ബൈക്ക് ഇടിച്ചു കയറ്റിയെന്നാണ് വിശദീകരണം. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കളാണ് വേണ്ടെന്ന് പറഞ്ഞതെന്നും പോലീസ് പറയുന്നു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. ഗുരുതര പരിക്കേറ്റ അനിലിനെയും സിപിഓ സാബുമോനെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. പോലീസിനെതിരെ അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി.
Home News Breaking News വാഹനപരിശോധനക്കിടെ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി





































