ഇടുക്കി നെടുംകണ്ടം ബോജന്‍ കമ്പനിയില്‍ ഇരട്ട സഹോദരങ്ങള്‍ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശ(47)നെയാണ് കൊലപ്പെടുത്തിയത്. അനുജന്‍ അയ്യപ്പന്റെ മക്കളായ ഭുവനേശ്വറും വിഗ്‌നേശ്വരും ചേര്‍ന്നാണ് കൊല ചെയ്തത്.
തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാണ്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുരുകേശന്റെ സഹോദര പുത്രന്‍മാരായ ഭുവനേശ്വര്‍, വിഗ്‌നേശ്വര്‍ എന്നിവര്‍ വീട്ടില്‍ എത്തുകയും മുരുകേശനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഒരാള്‍ മുരുകേശനെ പിടിച്ചു നിര്‍ത്തി മറ്റേ ആള്‍ കൃത്യം നിര്‍വഹിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ രണ്ട് വഴിയ്ക്ക് ഓടി രക്ഷപെട്ടു. ഭുവനേശ്വര്‍ സമീപത്തെ കടയില്‍ സിഗരറ്റും വാങ്ങിയ ശേഷമാണ് രക്ഷപെട്ടത്. കൊല്ലപ്പെട്ട മുരുകേശന്റെ ഫോണ്‍ ഉപയോഗിച്ച് കൃത്യം നടത്തിയ വിവരം ഇയാള്‍ ബന്ധുക്കളെ വിളിച്ചു അറിയിക്കുകയും ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്കു പിന്നില്‍ എന്നാണ് വിവരം. കൃത്യം നടക്കുന്ന സമയം മുരുകേശനും കൊച്ചു കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയേയും ഇവര്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതികളെ സമീപ പ്രദേശത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്.































