നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന കുറ്റവാളി മാര്‍ട്ടിന്റെ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍. വയനാട് സ്വദേശിയെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സംസാരിക്കുന്ന വീഡിയോയാണ് വിധി വന്നശേഷം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. അതിജീവിതയുടെ അന്തസിന് കളങ്കം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി ചിത്രീകരിച്ചതാണ് വീഡിയോ എന്ന് പൊലീസ് കണ്ടെത്തി.
വീഡിയോ ഷെയര്‍ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കേസില്‍ പ്രതി ചേര്‍ത്ത് നടപടി സ്വീകരിച്ചു വരികയാണെന്ന് നകുല്‍ ആര്‍ ദേശ്മുഖ് അറിയിച്ചു. വീഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂ?ഹമാധ്യമങ്ങളില്‍ അതിജീവിതയെ അധിക്ഷേപിക്കാനായി ആരെങ്കിലും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിജീവിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കുറിപ്പുകളിലെ വാക്കുകളില്‍പ്പോലും സാമ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി. വീഡിയോ ഫെയ്സ്ബുക്ക് പേജുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് നിഗമനം.






























