ആഹാ മനോഹരം, തലസ്ഥാനത്തെ ഈ കാഴ്ച വിസ്മയം തീർക്കും, പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയായി വസന്തോത്സവം, കനകക്കുന്നിൽ ജനപ്രവാഹം

Advertisement

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിലേക്ക് ജനപ്രവാഹം. ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് നിര്‍വ്വഹിച്ചത്

2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നുവെന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എക്കാലത്തെയും റെക്കോര്‍ഡിലെത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികളും ഗണ്യമായി വര്‍ദ്ധിച്ചു. ബീച്ച് ടൂറിസം, ഹൈറേഞ്ച് ടൂറിസം, സിനിമാ ടൂറിസം, വെല്‍നസ് ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ ടൂറിസം വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള ദി ജയന്‍റ് ഡ്രാഗണ്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും

‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ജനുവരി നാല് വരെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്

ഫ്ളവര്‍ ഷോയ്ക്കു പുറമേ ട്രെഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും വസന്തോത്സവത്തിന്‍റെ ഭാഗമാണ്

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികളാണ് കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ളത്. 8000-ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കിയിട്ടുണ്ട്

മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here