എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്. ബിജെപി നേതാവ് അഡ്വ. പി എല്‍ ബാബു മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്.
രണ്ടു റൗണ്ടായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് 18 വോട്ടുകളും ലഭിച്ചു. ഇടതുമുന്നണിയുടെ രണ്ട് വോട്ടുകള്‍ അസാധുവായി. നഗരസഭയില്‍ എല്‍ഡിഎഫിന് 20 ഉം, എന്‍ഡിഎയ്ക്ക് 21 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താനായി സിപിഎമ്മിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിന് വഴിതുറന്നത്. വോട്ടെണ്ണലിന് പിന്നാലെ പി എൽ ബാബു നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
40 വർഷം എൽഡിഎഫും 5 വർഷം യുഡിഎഫും തൃപ്പൂണിത്തുറയിൽ ഭരണം നടത്തിയിരുന്നു. കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഇടതുപക്ഷത്തു നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബിജെപി തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ അധികാരത്തിലേറുന്നത്.































