എം ടി വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. എംടിയുടെ ഓർമ്മകളിൽ സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം, എന്നും ഓർമ്മകളിൽ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. അത്രയേറെ തീവ്രതയേറിയ ഗുരു ശിഷ്യ ബന്ധമാണ് മമ്മൂട്ടിക്കും എംടി വാസുദേവൻ നായർക്കും ഇടയിലുണ്ടായിരുന്നത്. ആ ബന്ധം മലയാളികൾക്ക് അത്ര അപരിചിതവുമല്ല.
എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു. സിനിമാ മോഹം മൊട്ടിട്ട കാലം മുതൽ തന്നെ എംടിയുടെ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയെ ത്രസിപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് അദ്ദേഹത്തിൻ്റെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയുമോ എന്ന് മുഹമ്മദ് കുട്ടി അന്ന് സ്വപ്നം കണ്ടിരുന്നു. ആ കാലത്തിൽ നിന്ന് എംടിയുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്ക് എത്തുമ്പോൾ അതിന് ഒരായുസ്സിൻ്റെ കഥയുണ്ട് പറയാൻ.






























