സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അമ്മയും മക്കളും ഉൾപ്പെടെ നാല് മരണം. കണ്ണൂർ എടയന്നൂരിലാണ് സ്കൂട്ടറിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.
കണ്ണൂർ ചാലോട് എടയന്നൂരിലുണ്ടായ അപകടത്തിലാണ് അമ്മയും രണ്ട് മക്കളും മരിച്ചത്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനി നിവേദ, മക്കളായ സാത്വിക്, ഋഗ്വേദ് എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കോട്ടയം കിടങ്ങൂരിൽ ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ പുന്നത്തുറ സ്വദേശിയായ അജയ് ദിവാകരൻ ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
പാലാ തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ച് ആണ് അഞ്ച് പേർക്ക് പരിക്കേറ്റത്.
കോഴിക്കോട് ചെറുവണ്ണൂരിലും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നെടുമങ്ങാട് അമ്മയും മകനും പിക് അപ്പ് വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ സുമന്തളനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.




































