എറണാകുളം ഉദയംപേരൂര്‍ വലിയംകുളത്ത്് നടുറോഡില്‍ ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് മൂന്ന് ഡോക്ടര്‍മാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് അഭിനന്ദനപ്രവാഹം. ഞായറാഴ്ച രാത്രിയാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസതടസമുണ്ടായ കൊല്ലം സ്വദേശിയെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ തോമസ് എന്നിവര്‍ അടിയന്തര ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഞായര്‍ രാത്രിയാണ് ഉദയംപേരൂര്‍ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഡോ. തോമസ് പീറ്ററും ഡോ. ദിദിയയും അപകടം കാണുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില അതി?ഗുരുതരമായിരുന്നില്ല. കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവഗുരുതരമായിരുന്നു. ഈ യുവാവിനെ മറ്റൊരാള്‍ പരിശോധിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനൂപ് ആണെന്ന് മനസിലാക്കുന്നത്. ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വാസതടസമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസ തടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമര്‍ജന്‍സി റൂമുകളില്‍ ചെയ്യുന്ന സര്‍ജിക്കല്‍ ക്രിക്കോതൈറോട്ടമി’ എന്ന അടിയന്തര ചികിത്സ റോഡില്‍വച്ചുതന്നെ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ ബ്ലേഡും സ്‌ട്രോയും ഉപയോ?ഗിച്ചായിരുന്നു സര്‍ജറി. കഴുത്തില്‍ ബ്ലേഡ് ഉപയോ?ഗിച്ച് മുറിവുണ്ടാക്കി ശ്വാസ നാളത്തിലേക്ക് സ്‌ട്രോ കടത്തിവിട്ട് ശ്വാസ?ഗതി സാധാരണ അവസ്ഥയിലെത്തിച്ചു. പിന്നീട് ഉടന്‍ തന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുംവരെ ആംബുലന്‍സില്‍ ഡോ. മനൂപ് സ്‌ട്രോയിലൂടെ ശ്വാസം നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ പുറത്തുവന്നതോടെ അഭിനന്ദന പ്രവാഹമാണെത്തുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഡോക്ടര്‍മാരെ ഐഎംഎ അഭിനന്ദിച്ചു. നോബഡി, മെര്‍സര്‍ തുടങ്ങിയ ചിത്രങ്ങളിലെ രം?ഗങ്ങളുമായാണ് പലരും സംഭവത്തെ താരതമ്യം ചെയ്യുന്നത്.
സര്‍ജിക്കല്‍ ക്രിക്കോതൈറോട്ടമി (Surgical Cricothyrotomy)
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അടിയന്തര സാഹചര്യങ്ങളില്‍, കഴുത്തിലെ ക്രിക്കോയിഡ് തരുണാസ്ഥിക്കും തൈറോയ്ഡ് തരുണാസ്ഥിക്കും ഇടയിലുള്ള നേരിയ ചര്‍മത്തിലൂടെ ശ്വാസനാളം തുറക്കുന്ന ഒരു അടിയന്തര ശസ്ത്രക്രിയാ രീതിയാണ് സര്‍ജിക്കല്‍ ക്രിക്കോതൈറോട്ടമി. പരിശീലനം ലഭിച്ച മെഡിക്കല്‍ പ്രൊഫഷണലുകളാണ് ഇത് ചെയ്യുന്നത്. മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലൂടെയോ ശ്വാസ?ഗതി പുനസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ( ട്രാക്കിയോടോമി -Tracheostomy) ഓക്‌സിജന്‍ നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്.
മുഖത്തിന് ഗുരുതരമായ പരിക്കുകളെത്തുടര്‍ന്നും മണ്ണ്, രക്തം, അല്ലെങ്കില്‍ മറ്റ് പാനീയങ്ങളോ പദാര്‍ഥങ്ങളോ കുടുങ്ങി മൂക്കിലൂടെയോ വായിലൂടെയോ ശ്വാസമെടുക്കാന്‍ പറ്റാതെ ശ്വാസനാളം പൂര്‍ണമായി തടസപ്പെടുന്ന അവസരങ്ങളിലാണ് ക്രിക്കോതൈറോട്ടമി ചെയ്യുന്നത്. സാധാരണ ട്രക്കിയോട്ടോമി വഴി ശ്വാസ?ഗതി പുനസ്ഥാപിക്കാന്‍ പറ്റാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ക്രിക്കോതൈറോട്ടമി ചെയ്യുന്നത്. കഴുത്തില്‍ ആദംസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഭാ?ഗത്തിന് തൊട്ടുതാഴെയായി തൈറോയ്ഡ് കാര്‍റ്റിലേജിനും (Thyroid cartilage) ക്രിക്കോയിഡ് കാര്‍റ്റിലേജിനും (Cricoid cartilage) ഇടയിലുള്ള ഭാ?ഗത്ത് മുറിവ് ഉണ്ടാക്കി ക്രിക്കോതൈറോയ്ഡ് മെംബ്രേയ്ന്‍ (cricothyroid membrane) തുറക്കുന്നു. തുടര്‍ന്ന് അതിലൂടെ ഒരു ട്യൂബ് (Endotracheal tube അല്ലെങ്കില്‍ Tracheostomy tube) തിരുകി വെന്റിലേറ്ററുമായി ബന്ധിപ്പിച്ചോ അല്ലെങ്കില്‍ ബാഗ്-വാല്‍വ് (Bag-valve) ഉപയോഗിച്ചോ ഓക്‌സിജന്‍ നല്‍കുന്നു. ആശുപത്രിയിലല്ലാത്ത അടിയന്തര സാഹചര്യങ്ങളില്‍ ചര്‍മ്മത്തിലെ മുറിവിലൂടെ സ്‌ട്രോ കയറ്റി വായു നല്‍കുന്നു.































