പ്രതിമാസം ആയിരം രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഇന്നുമുതല്‍… ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇന്നുമുതല്‍ ( തിങ്കളാഴ്ച) സ്വീകരിക്കും. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്ക് പുറമെ വിവിധ സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സര്‍വ്വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ്, ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവര്‍ എല്ലാ വര്‍ഷവും ആധാര്‍ അധിഷ്ഠിതമായി വാര്‍ഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാന്‍ഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here