വില കേട്ടാൽ രണ്ടു തേക്കുവച്ചാ മതിയായിരുന്നുവെന്ന് തോന്നും. അത്രയ്‌ക്കുണ്ട്! ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങൾക്കുംകൂടി നികുതി ഉൾപ്പെടെ ലഭിച്ചത് 31,85,828 രൂപയാണ്. വനംവകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലാണ് തേക്ക് തടികളുടെ ഇൗ റെക്കോഡ് വിൽപ്പന. ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങൾക്കുംകൂടി നികുതി ഉൾപ്പെടെ ലഭിച്ചത് 31,85,828 രൂപ.
ബി കയറ്റുമതി ഇനത്തിൽപ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉൾപ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാൽ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസിൽ കയറ്റുമതി ഇനത്തിൽപ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപ ലഭിച്ചു. 26.5 ശതമാനം നികുതി ഉൾപ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്.
വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷൻ പരിധിയിൽ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായിനിന്നിരുന്ന 100 വർഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് നിലമ്പൂരിലെ അരുവാക്കോട് ഡിപ്പോയിൽ ലേലത്തിനുവച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ ലേലത്തിലാണ് ക്ഷേത്ര നിർമാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കിയത്. തമിഴ്‌നാട് സ്വദേശിയാണ് വീട് നിർമാണത്തിന് സി കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് തടി കൈവശമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂർ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തിൽ പോകുന്നത്.
































