തിരുവനന്തപുരം. ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി കുഞ്ഞ് മുഹമ്മദിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
സംവിധായിക നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് ഇടതുസഹയാത്രികനും മുൻ എം.എൽ.എയും സംവിധായകനുമായ പി.ടി കുഞ്ഞു മുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ഏഴു ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നിർദ്ദേശം. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവും എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതി വ്യാജമല്ലെന്നും അതിക്രമം പരാതിക്കാരിയെ വല്ലാതെ തളർത്തി എന്നും പ്രോസിക്യൂഷനും വാദിച്ചു. ആഘാതത്തിൽ നിന്ന് കരകയറാൻ ഒരാഴ്ചകം സമയമെടുത്തു. അതിനുശേഷം വീട്ടുകാരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. അതിനാലാണ് പരാതി വൈകിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമം നടന്നു എന്ന് പറയപ്പെടുന്ന സമയം സംവിധായകനും പരാതിക്കാരിയും ഒരേ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.






































