ചെറുതോണി: കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി അടയ്ക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ എച്ച് വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്.
ഉടുമ്പൻഞ്ചോല സ്വദേശിയായ പരാതിക്കാരൻ ചതുരംഗപ്പാറ വില്ലേജിൽ വാങ്ങിയ വസ്തുവിൽ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാൻ തയ്യാറാക്കി ഉടുമ്പൻഞ്ചോല ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡിൽ നിന്നുള്ള അകലത്തിൽ അവ്യക്തതയുള്ളതിനാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിയ്ക്കാൻ അറിയിപ്പ് നൽകി. തുടർന്ന് കെട്ടിടത്തിന്റെ പ്ലാനിലെ അപാകതകൾ പരിഹരിച്ച ശേഷം വിഷ്ണുവിനെ നേരിൽ കണ്ടപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കടമുറിയുടെ നിർമാണം പൂർത്തീകരിച്ച ശേഷം അപേക്ഷ നൽകിയാൽ മതിയെന്നും അപ്പോൾ കെട്ടിട നികുതി സ്വീകരിക്കാനുള്ള നടപടികൾ ചെയ്തുതരാമെന്നും പറഞ്ഞാണ് ഓവർസീയർ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കെട്ടിട നിർമാണം പൂർത്തിയായതിന് ശേഷം പരാതിക്കാരൻ ഓവർസിയറെ ബന്ധപ്പെട്ടപ്പോൾ പണം കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ ഇടുക്കി വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങവെ വിഷ്ണുവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
2025ൽ മാത്രം 55 കേസുകളിലായി ഉദ്യോഗസ്ഥരും ഇടനിലക്കാരുമുൾപ്പെടെ 74 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
































