ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയില്‍ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. കൂത്താട്ടുകുളത്താണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. പാലക്കുഴ തോലാനി കുന്നേല്‍ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.
പാലക്കുഴയില്‍ നിന്ന് കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയില്‍ വച്ചാണ് സുധീഷിന്റെ തലയില്‍ തേങ്ങ വീണത്. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഉള്‍പ്പെടെ റോഡിന്റെ വശത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ സുധീഷിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പാലക്കുഴയില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു സുധീഷ്. ഷോപ്പിലേക്കാവശ്യമായ പോളിഷിംഗ് സാധനങ്ങള്‍ എടുക്കുന്നതിനായി കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
































