തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോൺഗ്രസ്. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസാണ്.
കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടൻ കടക്കും. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിലാകും തീരുമാനം. ദീപ്തി മേരി വർഗീസ്, വികെ മിനിമോൾ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക. തൃശ്ശൂർ, കൊല്ലം എന്നീ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും യുഡിഎഫ് വൈകാതെ തീരുമാനിക്കും. അതേസമയം, തോൽവിയുടെ കാരണങ്ങൾ തേടി എൽഡിഎഫ് സൂക്ഷ്മ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയിൽ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയിൽ ബിജെപിക്കും നേട്ടമായി.





































