ആലപ്പുഴ. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായിരുന്നു ആലപ്പുഴ. 72ൽ 52 ഗ്രാമപഞ്ചായത്തുകൾ. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റിൽ 21. ആറ് മുനിസിപ്പാലിറ്റികളിൽ 3. കോട്ടകളെല്ലാം തകർന്ന ഫലമാണ് ഇന്ന് പുറത്തുവന്നത്. പഞ്ചായത്തുകൾ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളിൽ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളിൽ ചേർത്തല മാത്രമാണ് ഒപ്പം നിന്നത്. കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വൻ തിരിച്ചടി. 16 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എൽഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തർക്കത്തെ തുടർന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലം തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എൻഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ച അഞ്ച് പഞ്ചായത്തുകളിൽ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളിൽ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന് എൻഡിഎയെ അകറ്റി നിർത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാൽ ബിജെപിക്ക് പഞ്ചായത്തുകൾ ഭരിക്കുക വെല്ലവിളിയാകും. അവസാന ഫലം പുറത്തു വന്നപ്പോൾ 9 പഞ്ചായത്തുകളിൽ എൽഡിഎഫ് – യുഡിഎഫ് സമനിലയുണ്ട്. ഇവിടങ്ങളിൽ ഭരണം പിടിക്കണമെങ്കിൽ സ്വതന്ത്രരുടെ പിന്തുണ വേണ്ടി വരും. ഭൂരിഭാഗം പഞ്ചായത്തുകളിലും എസ്ഡിപിഐ നിലപാട് നിർണായകമാകും.


































