പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് ഫെന്നി നൈനാന് കനത്ത തോൽവി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. നേരത്തെ ഫെന്നിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്ന ഫെന്നിയുടെ പേരും കേസിൽ ഉയർന്നുകേട്ടിരുന്നു.
ഇത്തരത്തിൽ ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു. അടൂരിലെ പൊത്താറാട് വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ജയിച്ചത്. സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി റെനിക്കും പിന്നിലായാണ് ഫെന്നി നൈനാൻ ഫിനിഷ് ചെയ്‌തത്.






































