പാലാ. നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും വിജയിച്ചു. മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല.. പാലാ നഗരസഭയിലെ 13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്‌മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
പാലാ നഗരസഭയിൽ നിർണായകശക്തിയാകാൻ പുളിക്കകണ്ടം ഫാമിലി. ഒരു കുടുംബത്തിൽ നിന്ന് മത്സരിച്ച മൂന്ന് പേരും വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഭരണത്തിൽ പുളിക്കകണ്ടം ഫാമിലി നിർണായകമാകും.
കെഎം മാണിയുടെ പാലകേരള കോൺഗ്രസിൻറെ തട്ടകമാണ്. കഴിഞ്ഞതവണ ജോസും കൂട്ടരും എൽഡിഎഫിൽ എത്തിയപ്പോൾ പാലാ നഗരസഭ ആദ്യമായി ചുവന്നു. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം ആ വിജയം ആവർത്തിക്കാനായില്ല.
ഒറ്റയ്ക്ക് ഭരിക്കാൻ ആകുമെന്ന് കേരള കോൺഗ്രസിൻറെ അതിമോഹം പാലായിൽ തകർന്നടിഞ്ഞു.
വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് 12 സീറ്റുകളിലും യുഡിഎഫ് 10 സീറ്റുകളിലും വിജയിച്ചു. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച പുളിക്കകണ്ടം ഫാമിലി നിർണായകമായി. ഒരാളല്ല മത്സരിച്ച മൂന്നുപേർക്കും ഉജ്ജ്വല വിജയം.
ചേട്ടൻ ബിജുവും അനിയൻ ബിനുവും ബിനുവിന്റെ മകൾ ദിയയും നഗരസഭാ ഭരണത്തിൽ ഇനി നിർണായക കണ്ണികൾ ആകും. കഴിഞ്ഞ ടേമിൽ ബിനുവിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷൻ സ്ഥാനം ജോസ് കെ മാണിയുടെ ഇടപെടലിലൂടെയാണ് നഷ്ടമായത്. തുടർന്ന് ജോസ് കെ മാണിയെ വിമർശിച്ചതിന് ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.



































