മലയാറ്റൂര്‍: മുണ്ടങ്ങാമറ്റത്ത് 19-കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുവിന്റെ ആരോപണം. ചിത്രപ്രിയ പ്രതിയായ അലനുമൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യമെന്ന തരത്തില്‍ പോലീസ് പ്രചരിപ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രപ്രിയ ഇല്ലെന്നാണ് ബന്ധു ശരത്‌ലാല്‍ ആരോപിക്കുന്നത്. പോലീസ് പറയുന്ന കാര്യങ്ങള്‍ പലതരത്തിലുള്ള കളവുകളാണ്.
മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചതെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദൃശ്യത്തിലുള്ളത് മറ്റാരോ ആണെന്നാണ് ശരത് ലാല്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു പറഞ്ഞു.
അതേസമയം ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനില്‍ ഒതുക്കിനിര്‍ത്തില്ലെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി അലനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
ചിത്രപ്രിയയുടെയും അലന്റെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മദ്യലഹരിയിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.
































