തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് (യുസിഎം) പ്ലാറ്റിനം ജൂബിലി നിറവിൽ.14നു വൈകുന്നേരം അഞ്ചിനു കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ ഐക്യ ക്രിസ്മസ് ആഘോഷവും പ്ലാറ്റിനം ജൂബിലി സമ്മേളനവും നടക്കും. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്രപ്രധാൻ ക്രിസ്മസ് സന്ദേശം നൽകും. ജില്ലയിലെ 16 ക്വയർ ടീമുകൾ കാരൾ ഗാനങ്ങൾ ആലപിക്കും.
തലസ്ഥാനത്ത് 1951-ൽ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കംകുറിച്ച യൂണൈറ്റഡ് ക്രിസ്മസ് സെലിബ്രേഷൻസ് കമ്മിറ്റി (യുസിസിസി) 1991-ൽ യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് (യുസിഎം) എന്ന പേരിൽ പ്രവർത്തനം തുടരുകയായിരുന്നു.
ആർച്ച്ബിഷപ് ബെനഡിക്റ്റ് മാർ ഗ്രിഗോറിയോസ് 1951-ൽ നിയുക്ത ബിഷപ്പായി തലസ്ഥാനത്ത് എത്തിയതു മുതൽ കാലം ചെയ്യുന്നതുവരെ സംഘടനയുടെ നേതൃത്വം വഹിച്ചു. മേനാംതോട്ടത്തിൽ എം.കെ. കുര്യാക്കോസ് തുടക്കം മുതൽ 20 വർഷക്കാലം പ്രസിഡന്റായും പ്രവർത്തിച്ചു. സംയുക്ത ക്രിസ്മസ് ആഘോഷം കൂടാതെ ഈസ്റ്റർ, സെന്റ് തോമസ് ദിനം, സഭൈക്യവാരം, പ്രാർഥനാ സമ്മേളനങ്ങൾ, ഇന്റർ ചർച്ച്, ഇന്റർ സ്കൂൾ കലാമത്സരങ്ങൾ, സെമിനാറുകൾ, വൈദീക സമ്മേളനങ്ങൾ, മെഡിക്കൽ ക്യാന്പുകൾ, ജീവകാരുണ്യ ധനസഹായം തുടങ്ങിയ വിവിധയിനം പരിപാടികൾക്കും നേതൃത്വം നൽകുന്നു.
വ്യത്യസ്ഥ സഭകളിലെ എല്ലാവർക്കും ഒരുമിച്ചിരിക്കാനും പൊതുവായ കാര്യങ്ങൾ ആഘോഷിക്കുവാനും ചർച്ച ചെയ്യുവാനുമുള്ള ഐക്യവേദി എന്ന നിലയിൽ യുസിഎമ്മിന്റെ പ്രസക്തി ഇന്ന് ഏറെ വർധിച്ചിരിക്കുന്നുവെന്നു ദീർഘകാലം യുസിഎമ്മിനെ നയിച്ച ഡോ. കോശി എം. ജോർജ് പറഞ്ഞു.
ബെയ്സി സഖറിയ- പ്രസിഡന്റ്, ഡോ.കോശി എം. ജോർജ് -പ്രോഗ്രാം ചെയർമാൻ, ബിജു ഉമ്മൻ-സെക്രട്ടറി, വൽസാ ജോണ് – ട്രഷറർ) എന്നിവരുൾപ്പെട്ട ആഘോഷ കമ്മിറ്റിയാണ് 75-ാമത് ഐക്യ ക്രിസ്മസ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.





































