പത്തനംതിട്ട: രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ. വിവരാവകാശ രേഖ പുറത്ത് വന്നു. ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്‍റെ കോണ്‍ക്രീറ്റിൽ താഴുകയായിരുന്നു.
രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റര്‍ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു
രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പാണ് കോണ്‍ക്രീറ്റ് ഇട്ടത് . ഹെലികോപ്ടര്‍ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം .പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത്. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് മുമ്പ് വ്യോമസേനയുടെ അനുമതിയോടെ പ്രമാടത്ത് രണ്ടു പ്രാവശ്യം ഹെലികോപ്ടര്‍ ഇറക്കി പരിശോധന നടത്തിയിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ കോപ്റ്റര്‍ ഇറക്കേണ്ടിടത്ത് കോണ്‍ക്രീറ്റ് ചെയ്തു. എച്ച് മാര്‍ക്ക് ചെയ്തു. എന്നാൽ ഇവിടെ നിന്ന് രണ്ട് അടി മാറിയാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് എച്ച് മാര്‍ക്കിലേയ്ക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി വിശദീകരിച്ചിരുന്നു.






































