തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടവും പൂർത്തിയായതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. ജനം ആർക്കൊപ്പം എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി .നാളെ രാവിലെ എട്ടരയോടുകൂടി ആദ്യ ഫലസൂചനകൾ ലഭ്യമാകും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 73.56 ആണ് ഇത്തവണത്തെ പോളിംഗ് ശതമാനം. പോളിങ് ശതമാനത്തിലെ കുറവ് ഫലത്തെ ബാധിക്കില്ലെന്ന് മുന്നണികൾ പ്രതീക്ഷിക്കുന്നു.
രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 70.91 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെങ്കിൽ വടക്കൻ മേഖലയിലെ തിരഞ്ഞെടുപ്പ് 75.75 ശതമാനത്തിലേക്ക് എത്തി. ആകെ മൊത്തം 73.51 ആണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം.കഴിഞ്ഞ തവണത്തേക്കാൾ രണ്ടു ശതമാനം വോട്ടിംഗ് കുറഞ്ഞുവെങ്കിലും വിജയത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ. . ഒരു മാസക്കാലയളവുണ്ടായിരുന്ന പ്രചാരണവും പ്രചാരണ വിഷയങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടൽ മുന്നണികൾക്ക് ഉണ്ട് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ നേട്ടം ഉണ്ടാക്കി അധികാരത്തിൽ എത്താൻ കഴിയും എന്ന് എൽഡിഎഫ് ക്യാമ്പ് പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ 55 അധികം സീറ്റുകൾ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഉറപ്പിച്ചു എന്ന് കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ട്രയൽ റണ്ണായി എൻ ഡി എ തിരഞ്ഞെടുപ്പിനെ കാണുന്നു. ശബരിമല സ്വർണ്ണക്കൊള്ളയും, കോൺഗ്രസ് എംഎൽഎ രാഹുൽ മങ്കൂട്ടത്തിനെതിരായ ലൈംഗികാ അതിക്രമ പരാതിയും, നിരവധി പ്രാദേശിക വിഷയങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു. അത് എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും.നാളെ രാവിലെ എട്ടു മണിയോടുകൂടിയാണ് സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കുക.ആദ്യം പോസ്റ്റൽ ബാലറ്റ് പിന്നീട് പോളിംഗ് മെഷീൻ എന്നീ ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. അര മണിക്കൂറിനകം തന്നെ ആദ്യഫല സൂചനകൾ വ്യക്തമാകും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. മാറ്റിവെച്ച ഡിവിഷനുകളിലെ തിരഞ്ഞെടുപ്പിന്റെ തീയതിയും ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.





































