സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ 70 ലക്ഷം പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്ന ഏഴു ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു. എറണാകുളം ജില്ലയാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയില്‍ 57.09 ശതമാനം ഉച്ചക്ക് 2.34 വരെ വോട്ട് രേഖപ്പെടുത്തി. 50.00 ശതമാനം മാത്രം വോട്ടു ചെയ്ത തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. കോര്‍പ്പറേഷനുകളില്‍ മന്ദഗതിയിലാണ് പോളിങ്. ഇതുവരെ തിരുവനന്തപുരം കൊല്ലം കൊച്ചി കോര്‍പ്പറേഷനുകളില്‍ 45 ശതമാനത്തിന് താഴെയാണ് പോളിങ്. പോളിങ് ശതമാനം ജില്ല തിരിച്ച്: തിരുവനന്തപുരം- 50.00, കൊല്ലം- 54.03, പത്തനംതിട്ട- 52.30, ആലപ്പുഴ- 56.46, കോട്ടയം- 54.22, ഇടുക്കി- 52.84, എറണാകുളം- 57.09. ആകെ 53.87 ശതമാനം.
അതേസമയം, തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. രണ്ട് ബൂത്തുകളില്‍ കള്ളവോട്ടെന്ന് ബിജെപി ആരോപിച്ചു. ചോദ്യംചെയ്തപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യം ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. 15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്. 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.































