നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ്, അഭിഭാഷകൻ രാമൻ പിള്ളയെ സന്ദർശിച്ച് നന്ദി അറിയിച്ചു. തുടർന്ന് ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകളും ചേർന്ന് സ്വീകരിച്ചു, ആരാധകർ വീടിന് പുറത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു
രാമൻ പിള്ളയോട് നന്ദി പറഞ്ഞ് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയിൽ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തൻ്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്
അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ എത്തിയില്ല
വിധി കേൾക്കാൻ അഡ്വ രാമൻപിള്ള കോടതിയിൽ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകൻ്റെ കൈ ചേർത്തുപിടിച്ച് തൻ്റെ നന്ദി നടൻ അറിയിച്ചു.
കള്ളക്കേസെന്ന് ദിലീപിൻ്റെ അഭിഭാഷകൻ
കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയാണ് അഡ്വ.രാമൻപിള്ള. ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് താൻ തന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ബി രാമൻപിള്ള പറഞ്ഞത്. തികഞ്ഞ കള്ളക്കേസ് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചെന്നും രാമൻ പിള്ള ആരോപിച്ചു.
ശേഷം ആലുവയിലെ വീട്ടിലേക്ക്
അഭിഭാഷകനോട് നന്ദി പറഞ്ഞ് എളമക്കരയിൽ നിന്ന് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ് ദിലീപ് പോയത്.
വീട്ടിലും ആഘോഷം
ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയ ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ഭാര്യ കാവ്യാ മാധവനും മകളും സ്വീകരിച്ചത്.
ആരാധകരും ആഘോഷത്തിൽ
ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ദിലീപ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്.
ആലുവയിലെ വീടിന് പുറത്ത് ആരാധകർ വൻ സ്വീകരണം താരത്തിനൊരുക്കിയിരുന്നു. കുടുംബാംഗങ്ങൾ വിളക്ക് കൊളുത്തിയാണ് വീടിനകത്തേക്ക് ദിലീപിനെ സ്വീകരിച്ചത്.

































