തിരുവനന്തപുരം. നടിയെ അക്രമിച്ച കേസിന് വഴിത്തിരിവായത് അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ്.
ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. തെളിവുകളടക്കം അന്വേഷണസംഘത്തിന് കൈമാറിയാണ് കേസിന്റെ നിർണായക ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്തത്
നടിയെ അക്രമിച്ച കേസിൽ അന്വേഷണസംഘം അല്പം ഒന്ന് പകച്ചുനിൽക്കുന്ന ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.അന്വേഷണ സംഘത്തിന്റെ നിർണായക നീങ്ങൾക്ക് ഈ വെളിപ്പെടുത്തലുകൾ സഹായകരമായി.നടിയെ ആക്രമിക്കുന്ന ദൃശ്യം ദിലീപ് ആലുവയിലെ വീട്ടിലിരുന്ന് കണ്ടു എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തൽ.ഒരു വിഐപിയാണ് വിഷ്വൽ വീട്ടിലെത്തിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്നും 2021 അവസാനത്തോടെ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴിനൽകി.ഒന്നാംപ്രതി പൾസർസുനി ദിലീപിന്റെ പരിചയക്കാരനാണെന്നും ദിലീപിന്റെ വീട്ടിൽ ഇയാൾ വരുന്നത് താൻ കണ്ടിട്ടുണ്ടെന്നുമുള്ള നിർണായക വിവരവും ദിലീപിന്റെ ശബ്ദരേഖ സഹിതം ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറി.റിമാൻഡിൽ ആയിരുന്ന കാലത്ത് ബാലചന്ദ്രകുമാറിനെ ജയിലിൽ അടക്കം വിളിച്ച് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ തുടരന്വേഷണത്തിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകളും ചുമത്തി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എറണാകുളം സി.ജെ.എം കോടതി രഹസ്യമൊഴിയായി രേഖപ്പെടുത്തി.
പരസ്യ പ്രതികരണം നടത്തിയതോടെ ബാലചന്ദ്ര കുമാറിന് വധഭീഷണി വരെയുണ്ടായി.നാൽപ്പതിൽ കൂടുതൽ തവണയാണ് പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ കോടതി വിസ്തരിച്ചത്.
ഒടുവിൽ കേരളം ഞെട്ടലോടെ കേട്ടിരുന്ന നടി ആക്രമിച്ച കേസിന്റെ വിധി വരുമ്പോൾ അത് കേൾക്കാൻ ബാലചന്ദ്രകുമാറെന്ന സംവിധായകനില്ല.2025 ഡിസംബറിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചു.




































