തിരുവനന്തപുരം. പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം. 20 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും വാച്ചും മോഷണം പോയി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലിന്റെ വീട്ടിലാണ് മോഷണം. പാറശ്ശാല പോലീസ് അന്വേഷണം ഊർജിതമാക്കി
പാറശ്ശാല തോട്ടിൻ കരയിൽ അർദ്ധരാത്രിയോടെയാണ് വീട് കുത്തി തുറന്ന് മോഷണം നടന്നത്. വീട്ട് ഉടമസ്ഥനായ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലും ഭാര്യയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മകളുടെ വീട്ടിലായിരുന്നു താമസം. വീട്ടിൽ ആൾ താമസമില്ലാത്ത സമയത്ത് ഗേറ്റിന്റെയും വീടിന്റെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിനുള്ളിലെ ലോക്കർ ഉൾപ്പെടെ 6 അലമാരകൾ കള്ളൻ കുത്തിത്തുറന്ന് 13 പവനിൽ അധികം സ്വർണവും 2,40,000 രൂപയും ഉപയോഗിക്കാത്ത മൊബൈൽ ഫോണുകളും വാച്ചുകളുമാണ് മോഷ്ടാവ് കൈക്കൽ ആക്കിയത്. അനിൽ നടത്തിവരുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിന്റെ താക്കോലും മോഷണം പോയ കൂട്ടത്തിലുണ്ട്. ഹെൽമറ്റ് ധരിച്ച് വീടിന്റെ പരിസരത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. അതേസമയം സമാനമായ രീതിയിൽ ചെങ്കൽ വട്ടവിളയിലും ഇന്നലെ അർദ്ധരാത്രിയിൽ മോഷണം നടന്നിട്ടുണ്ട്. രണ്ടു മോഷണവും നടത്തിയിരിക്കുന്നത് ഒരേ സംഘം ആണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്





































