തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്.
മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.
2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരില്‍നിന്നും പ്രാദേശിക കറൻസിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.






































