കൊച്ചിയിൽ അജ്ഞാത മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Advertisement

കൊച്ചി: എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. എച്ച്എംടിക്ക് സമീപമുള്ള കാടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസിന് സംശയമുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊൽക്കത്ത സ്വദേശി സൂരജ് ലാമ(59)യ്ക്ക് കുവൈത്തിൽ ബിസിനസായിരുന്നു. ഓർമ നഷ്ടപ്പെട്ടനിലയിൽ കുവെെത്തിൽനിന്ന് ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇദ്ദേഹം ബംഗളൂരുവിലാണ്‌ മുമ്പ് കഴിഞ്ഞിരുന്നതെങ്കിലും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. കുവൈത്ത് അധികൃതരുടെ നടപടി ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാകുകയായിരുന്നു.

സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞു. ലാമയുടെ മകൻ സന്ദൻ കേരളത്തിലെത്തി പിതാവിനായി അന്വേഷണം നടത്തിയിരുന്നു. സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ആലുവ ഡിവൈഎസ്പി ടി ആർ രാജേഷിനാണ് സൂരജ് ലാമയെ കാണാതായ കേസിൽ അന്വേഷണ ചുമതല. ഡിഎൻഎ പരിശോധനകൾക്കായി സൂരജിന്റെ കുടുംബത്തോട് കേരളത്തിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here