ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
“വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.
































