ആകാശ ഭക്ഷണം വിനയായി, മാനത്ത് കുരുങ്ങിയത് പിഞ്ചു കുട്ടികൾ ഉൾപ്പെട്ട കുടുംബം രക്ഷകരായി ഫയർഫോഴ്സ്

Advertisement

ഇടുക്കി. മൂന്നാർ ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം അന്തരീക്ഷത്തിൽ കുടുങ്ങിക്കിടന്നത്. അഗ്നിരക്ഷാസേനയുടെ സാഹസികമായ ഇടപെടലിൽ അഞ്ചു പേരെയും സുരക്ഷിതരായി താഴെയിറക്കി. സ്കൈ ഡൈനിങ് നടത്തിപ്പുകാർക്ക് അനാസ്ഥ ഉണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉച്ചയ്ക്ക് ഒരു മണിക്കാണ് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന രണ്ടും നാലും വയസ്സുള്ള കുട്ടികൾ എന്നിവർ സ്കൈ ഡൈനിങ്ങിൽ കയറിയത്. തറയിൽ ഉറപ്പിച്ച ഹൈഡ്രോളിക്  ക്രെയിൻ ഉയർത്തി അന്തരീക്ഷത്തിൽ നിർത്തുന്നതാണ് സ്കൈ ഡൈനിങ്. പതിവിലും കൂടുതൽ ക്രെയിൻ ഉയർത്തിയതോടെ റോപ്പുകൾ കുരുങ്ങി. നിശ്ചലമായ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാരി ഉൾപ്പെടെ കുടുങ്ങിക്കിടന്ന അഞ്ചു പേരെ രക്ഷപ്പെടുത്താൻ താഴെ ഉണ്ടായിരുന്നവർ ശ്രമിച്ചു. പിന്നീട് ഒന്നരമണിക്കൂറിനു ശേഷം ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ നിന്നാണ് ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നത്.

മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും ഉള്ള ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തി. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസും ഇല്ലാതെയാണ് സതേൺ സ്കൈസ് എയറോ ഡൈനാമിക്സ് എന്ന സംരംഭം പ്രവർത്തിച്ചിരുന്നത്. ഇത് സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിലവിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ദേവികുളം തഹസിൽദാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here