ലൈംഗിക പീഡന പരാതിയില്‍  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്

Advertisement

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

ബിഎന്‍എസ് 315 ( അതിക്രമം), ബിഎന്‍എസ് 115 ( കഠിനമായ ദേഹോപദ്രവം എല്‍പ്പിക്കല്‍ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement