ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന് തിരിച്ചടി

Advertisement

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണമോഷണക്കേസില്‍ ആറാം പ്രതിയുമാണ്. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചില്ല.
ഒക്ടോബര്‍ 22നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു. 1998 ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019 ലും 2024 ലും പാളികള്‍ ചെമ്പെന്നു തെറ്റായി രേഖപ്പെടുത്തി. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുതന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ബോര്‍ഡിനു ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ അനുമാനം.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും ആരും തിരുത്തിയില്ലെന്നും താന്‍ ചെമ്പ് പാളികള്‍ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി.

Advertisement