തിരുവനന്തപുരം. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിന്
എതിരായ സിപിഎമ്മിൻെറ സംഘടനാ നടപടി വൈകും.കുറ്റപത്രം സമർപ്പിച്ചശേഷം പാർട്ടിതല നടപടി മതിയെന്നാണ് ധാരണ.സ്വർണക്കൊള്ളയിൽ പാർട്ടിയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.പാർട്ടി നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചാണ് നടപടി എടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു
സ്വർണക്കൊളള കേസിൽ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിനെതിരെ തൽക്കാലം സംഘടനാ നടപടി വേണ്ടെന്ന് കഴിഞ്ഞ വെളളിയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
തീരുമാനിച്ചിരുന്നു.ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലും സംസ്ഥാന നേതൃത്വം നിലപാട്
ആവർത്തിച്ചു.പാർട്ടി വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പത്മകുമാറിന് വീഴ്ചയുണ്ടായെന്ന്
തുറന്നുപറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപത്രം വന്നശേഷമേ അച്ചടക്ക നടപടി സ്വീകരിക്കു
എന്നും വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമേ കുറ്റപത്രം നൽകുകയുളളു എന്നതും ഈ തീരുമാനത്തിന്
പ്രേരണയായിട്ടുണ്ട്
സ്വർണക്കൊളളയിൽ പിടിയിലായ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണെന്നാണ്
പ്രതിപക്ഷത്തിൻെറ ആരോപണം.
അറസ്റ്റിന് പിന്നാലെ സംഘടനാ നടപടി കൂടി വന്നാൽ സ്വർണക്കൊളളയുടെ ഉത്തരവാദിത്തം പാർട്ടിയുടെ
തലയിലാകുമോയെന്ന ആശങ്കയിലാണ് അച്ചടക്ക നടപടി നീട്ടിവെക്കുന്നതെന്നും സൂചനയുണ്ട്






































