വയനാട്. സിപ്പ് ലൈൻ അപകടം എന്ന രീതിയിൽ വ്യാജ പ്രചരണം നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് . ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. ഇയാൾ നിർമിച്ച എഐ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്
13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യം നവമാധ്യമങ്ങളിൽ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന രീതിയിലാണ് പ്രചരിച്ചത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിനുശേഷം വയനാടിന്റെ ടൂറിസം മേഖല ഉണർന്നുവരുന്ന ഘട്ടത്തിലായിരുന്നു വ്യാജ പ്രചരണം. ഇത് AI ദൃശ്യങ്ങൾ എന്ന് സ്ഥിരീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സൈബർ പോലീസ് എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് അഷ്കർ അലിയിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ഇയാളെ ആലപ്പുഴയിൽ നിന്നാണ് സൈബർ പോലീസ് പിടികൂടുന്നത്. പ്രോംപ്റ്റുകൾ നൽകി നിർമ്മിച്ചെടുത്ത വ്യാജ വീഡിയോ ഇയാൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് വ്യാപകമായി പ്രചരിച്ചത്. അടിപിടി ഉൾപ്പെടെയുള്ള നാല് കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം വ്യാജ വീഡിയോ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം






































