ചെങ്കോട്ട സ്ഫോടനത്തിന് മദർ ഓഫ് സാത്താൻ ഉപയോഗിച്ചോ?

Advertisement


ന്യൂഡെൽഹി ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ മദർ ഓഫ്
സാത്താൻ എന്നറിയപ്പെടുന്ന അത്യപകടകാരിയായ സ്ഫോടന
വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടെന്ന് സൂചന. 

സ്ഫോടനത്തിന്റെ തീവ്രതയും
നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതിൽ നിന്നാണ്
TATPഎന്ന രാസവസ്തുവിൻറെ ഉപയോഗത്തിലേക്ക് വിരൽചൂണ്ടുന്നത്.
അതിനിടെ കേസിൽ കേസിലെ മുഖ്യപ്രതി ഉമർ നബിക്ക്
ഫണ്ട് ലഭിച്ചത് ഹവാല ഇടപാടുകളിലൂടെയാണെന്നും കണ്ടെത്തൽ.

അമോണിയം നൈട്രേറ്റ് മാത്രമാണ് സ്ഫോടനത്തിന് ഉപയോഗിച്ചിതെന്നാണ്
ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സ്ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ
രീതിയും വിലയിരുത്തിയതിൽ നിന്ന് ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന
രാസവസ്തുവിൻറെ സാന്നിധ്യം സംശയിക്കുന്നു. മദർ ഓഫ് സാത്താൻ എന്നറിയപ്പെടുന്ന
ഈ സ്ഫോടകവസ്തു ചൂട് മൂലമോ ചെറിയ ഘർഷണം മൂലമോ പോലും ഡിറ്റണേറ്റർ ഇല്ലാതെ
പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.

അമോണിയം നൈട്രേറ്റിനെ അപേക്ഷിച്ച് വളരെ അസ്ഥിരമാണ് TATP.
ലോകമെമ്പാടുമുള്ള നിയമവിരുദ്ധ ബോംബ് നിർമ്മാതാക്കൾ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ്
ഇതിന് മദർ ഓഫ് സാത്താൻ എന്ന ദുഷ്പേര് ലഭിച്ചത്.
ഉമറിന് TATPയുടെ അസ്ഥിര സ്വഭാവത്തെക്കുറിച്ച് അറിയാമായിരുന്നിരിക്കണം
എന്നാണ് അന്വേഷണസംഘം കരുതുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച്
ഉമർ മുഹമ്മദ് പാർക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ
എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സർവകലാശാലയുടെ പ്രവർത്തനത്തിലെ
ക്രമക്കേടുകൾ സംബന്ധിച്ച് യുജിസി, എൻഎഎസിസി എന്നിവ നൽകിയ
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ
ക്രൈംബ്രാഞ്ച് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ
ചുമത്തി രണ്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനം നടത്തിയ
ഒമർ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡോക്ടർമാരായ
ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവരെ സ്ഫോടനവുമായി
ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്തു.അതിനിടെ
സ്ഫോടന സ്ഥലത്ത് നിന്ന് മൂന്ന് 9എംഎം കാലിബർ വെടിയുണ്ടകൾ
ഡൽഹി പോലീസ് കണ്ടെടുത്തു. പൗരന്മാർക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തതും
സാധാരണയായി സായുധ സേനയുടെ പക്കൽ മാത്രം കണ്ടുവരുന്നതുമായ വെടിയുണ്ടകളാണിത്.
കേസുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിലും എൻഐഎ പരിശോധന നടത്തി.

Advertisement