സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും തുടരുകയാണ്. കണ്ണൂരിൽ കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് വിവാദമായി. കോഴിക്കോട് നാദാപുരത്ത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 5 സിപിഐഎം പ്രവർത്തകർക്ക് പരുക്കേറ്റു. തർക്കത്തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവെച്ചു.
അരിയിൽ ശുക്കൂർ വധക്കേസിലെ ഇരുപത്തിയെട്ടാംപതി പിപി സുരേശനെയാണ് സിപിഐഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പട്ടുവം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്ന് സുരേശൻ ജനവിധി തേടും. കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് വിവാദമായി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തുണ്ടായ കയ്യാങ്കളിയിൽ സിപിഐഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കൾക്കും ആണ് പരുക്കേറ്റത്. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവിന്റെ നേതൃത്വത്തിൽ ആറംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. സജീവന് സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിന് പിന്നിൽ ബാലകൃഷ്ണനും കുടുംബവും ആണെന്ന് ആരോപിച്ച് ആയിരുന്നു അക്രമം.
തർക്കത്തെ തുടർന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി വച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ അനുവദിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ നിലപാട് എടുക്കുകയായിരുന്നു.
നോർത്ത് മണ്ഡലം പ്രസിഡൻറ് രമേശ്, ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് സേവ്യർ എന്നിവരാണ് സ്ഥാനാർത്ഥി പ്രഖ്യാപനം തടഞ്ഞത്. സമവായ നീക്കം തുടരുകയാണ്.





































