തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു ഫോണ്‍ വിളി. തെങ്കാശിയിലാണ് ബാലമുരുകന്‍റെ ഭാര്യ താമസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്‍റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യം എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്‍റെ മൊഴി.
രക്ഷപ്പെട്ടത് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെ
ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വക്കരുതെന്നും നിര്‍ദേശമുണ്ട്.
ബാലമുരുകനെകുറിച്ച് വിവരം കിട്ടുന്നവര്‍ അറിയിക്കണം
ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ അറിയിച്ചു. തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ബാലമുരുകന് 44 വയസുണ്ട്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട ബാലമുരുകൻ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവരം ലഭിക്കന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്എച്ച്ഒ)






































