പട്ന.ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കെ സ്ത്രീകൾക്കും കർഷകർക്കും വാഗ്ദാനങ്ങളുമായി തേജസ്വി യാദവ് . സ്ത്രീകൾക്ക് മുപ്പതിനായിരം രൂപയും കർഷകർക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവുമാണ് അധികാരത്തിലെത്തിയാൽ ഉള്ള വാഗ്ദാനം . പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ NDA യുടെ പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്.
സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താൻ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. ‘മായി ബഹിൻ മാൻ ” യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തിൽ എത്തിയാൽ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിൻ്റൽ നെല്ലിന് 300 രൂപയും, ഒരു കിൻറ്റൽ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ നൽകുമെന്നും മഹാ സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ വനിതാ പ്രവർത്തകരുമായി പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്. 18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂർ തുടങ്ങി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ വോട്ടിംഗ് നടക്കുക. 14 ന് ബിഹാറിലെ ജനവിധി അറിയാം. തെരഞ്ഞെടുപ്പ് കാലത്ത് മദ്യവും കുഴൽപ്പണവും അടക്കം ബീഹാറിൽ നൂറുകോടി മൂല്യമുള്ള വസ്തുക്കൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാർ എത്രത്തോളം നിർണായകമായി എന്ന വിലയിരുത്തൽ ഇരു മുന്നണികൾക്കും ഉണ്ട്. അവസാനഘട്ടത്തിൽ സ്ത്രീ വോട്ടർമാരെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ






































