തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മദ്യലഹരിയിൽ വെള്ളറട സ്വദേശി സുരേഷ് കുമാറാണ് അതിക്രമം നടത്തിയത്. പ്രകോപനം ഒന്നുമില്ലാതെ ട്രെയിനിൽനിന്ന് ചവിട്ടി താഴെയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരള എക്സ്പ്രസിൽ രാത്രി 8:40 ഓടെയായിരുന്നു സംഭവം. ആലുവയിൽ നിന്നാണ് പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ട്രെയിനിൽ കയറുന്നത്, ശേഷം വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലെത്തിയപ്പോഴായിരുന്നു ആക്രമണം . പ്രതി പുറകിൽ നിന്ന് ചവിട്ടി താഴേക്കിടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചന പറയുന്നു
പാളത്തിൽ വീണു കിടന്ന പെൺകുട്ടിയെ തൊട്ട് പിന്നാലെ വന്ന കൊല്ലം മെമുവിലാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
വെള്ളറട പനച്ചിമൂട് സ്വദേശിയും സ്ഥിരം മദ്യപാനിയുമായ സുരേഷ് കുമാറാണ് കൊലപാതക ശ്രമത്തിന് പിന്നിൽ. മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമണത്തിന് ശേഷവും ട്രെയിനിൽ യാത്ര തുടർന്നു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പോലീസ് പ്രതിയെ പിടികൂടുന്നത്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പ്രതി സംസാരിച്ചത് പരസ്പരവിരുദ്ധമായി
മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യുവതി ജീവൻ നിലനിർത്തിയിരുന്നത്.എന്നാൽ നിലവിൽ ആരോഗ്യനില തൃപ്തികരം എന്നാണ് റെയിൽവേ സെക്യൂരിറ്റി കമ്മീഷണറുടെ പ്രതികരണം.





































