കാസർഗോഡ്. വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. നീലേശ്വരം പോലീസ് ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ആധാരം കുടുംബത്തിന് കൈമാറി. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീട് നിർമ്മാണം പൂർത്തിയാക്കി നൽകാനും തീരുമാനമായിട്ടുണ്ട്.
ബേക്കൽ ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സ്ക്വാഡിൽ അംഗമായിരുന്നു കെ കെ സജീഷ്. കഴിഞ്ഞമാസം എംഡി എം എ കേസിലെ പ്രതിയെ പിടികൂടാനായി സഹപ്രവർത്തകനൊപ്പം കാസർഗോഡ് നാലാം മൈലിൽ എത്തിയപ്പോൾ ഇരുവരും സഞ്ചരിച്ച കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സജീഷ് മരിച്ചു. നീലേശ്വരത്തെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു സജീഷും കുടുംബവും താമസിച്ചിരുന്നത്. നീലേശ്വരത്ത് പുതിയ വീട് നിർമ്മിക്കുന്നതിനായി സജീഷ് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇതിൽ തിരിച്ചടവിന് ബാക്കിയുണ്ടായിരുന്ന 24 ലക്ഷത്തില്‍ 41,000 രൂപ എഴുതി തള്ളി. വീടിന്റെ ആധാരം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സജീഷിന്റെ കുടുംബത്തിന് കൈമാറി.
പാതിവഴിയിൽ നിലച്ചു പോയ വീട് നിർമ്മാണം പൂർത്തിയാക്കാനും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം തീരുമാനിച്ചു.ഡി ഐ ജി രാജ്പാൽ മീണ, ഐജി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.






































