തൃശൂര്‍.അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ കബാലിയെ വാഹനം ഓടിച്ചുകയറ്റി പ്രകോപിപ്പിച്ച തമിഴ്നാട് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേൽ വാസു, സീലൻ ശിവകുമാർ എന്നിവരാണ് ഷോളയാർ ഫോറസ്റ്റിന്റെ പിടിയിലായത്
ഇക്കഴിഞ്ഞ 19ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിലെ അമ്പലപ്പാറയിൽ റോഡിലിറങ്ങി നിന്ന കബാലിയെ കാർ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ് എടുത്തത്
പ്രതികൾ തന്നെയാണ് വാഹനത്തിനകത്തിരുന്നു വീഡിയോ മൊബൈലിൽ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങൾ വഴി ആദ്യം പ്രചരിപ്പിച്ചത്.
എന്നാൽ കാട്ടനക്ക് മുൻപിലേക്ക് വാഹനം ഓടിച്ചു കയറ്റി സ്വന്തം ജീവനും അതുവഴി വന്നിരുന്ന മറ്റു വാഹന യാത്രികരുടെ ജീവനും അപകടം വരുത്തുവാൻ ഇടയാക്കിയതായി വലിയ വിമർശനം വന്നിരുന്നു.ആദ്യ സമയത്ത് ഇവരുടെ വാഹനത്തിനെ കുറിച് വനം വകുപ്പിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇവർ വാഹനം ആനക്ക് മുൻപിലേക്ക് ഓടിച്ചു കയറ്റുന്നത് അന്നേദിവസം KSRTC ബസിൽ യാത്ര ചെയ്ത യാത്രക്കാരൻ വീഡിയോ എടുത്തിരുന്നു, ഇത് പുറത്തായത്തോടെയാണ് വാഹനത്തിന്റെ നമ്പർ വനംവകുപ്പിന് ലഭിക്കുന്നതും പ്രതികളെ തിരിച്ചറിയുന്നതും.തുടർന്ന് വനം വകുപ്പ് ഇവർക്കെതിരെ കേസ് എടുക്കുകയായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന TN 43 P 3916 സ്കോർപിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷം മൊഴിയെടുത്ത് വിട്ടയച്ചു. വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തുടർ നടപടികൾ സ്വീകരിക്കും.ഷോളയാർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആൽബിൻ ആന്റണി മേൽനോട്ടത്തിൽ ഷോളയാർ സ്റ്റേഷൻ ഡെപ്യൂട്ടി കെ. സനിൽ, സെക്ഷൻ ഫോറസ്ററ് ഓഫീസർ എം കെ സുനി, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ കെ ആർ രാജേഷ്, പി സി പ്രവീൺ, പി ആർ പ്രിയങ്ക, രേഷ്മ പയസ് എന്നിവരാണ് അന്വേഷണം നടത്തിയത്





































