സര്‍ക്കാരിനെ തിരുത്താന്‍പോയി,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്ന് നീക്കി, നടൻ പ്രേംകുമാറിന് അതൃപ്തി

Advertisement

തിരുവനന്തപുരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്ന് നീക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തി.
ഭരണസമിതിയിൽ നിന്ന് നീക്കുന്ന കാര്യം നിലവിലെ ചെയർമാനായ പ്രേംകുമാറിനെ അറിയിച്ചില്ല. സിപിഐഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പ്രേംകുമാർ പുറത്തായത് എന്നാണ് വിവരം.

വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് വൈസ് ചെയർമാനായിരുന്ന പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേള വിജയകരമായി സംഘടിപ്പിക്കുന്നതിലും പ്രേംകുമാറിൻ്റെ റോൾ വലുതായിരുന്നു. എന്നാൽ ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭരണസമിതിയെ നിയമിച്ച സർക്കാർ പ്രേംകുമാറിനെ തഴഞ്ഞു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ആയും
കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സൺ ആയും സാംസ്കാരിക വകുപ്പ് നിയമിച്ചു. നിലവിലുള്ള അക്കാദമി ഭരണ സമിതിയിൽ നിന്ന് പുതിയ സമിതിയിൽ അംഗങ്ങളായത് 3 പേർ മാത്രം.
കുക്കു പരമേശ്വരനെ കൂടാതെ
N അരുൺ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് തുടരുന്നത്. ഭരണസമിതിയിൽ എവിടെയും പരിഗണിക്കാത്തതിൽ വലിയ അതൃപ്തിയിലാണ് പ്രേംകുമാർ. ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യം പോലും പ്രേംകുമാറുമായി ആശയവിനിമയം നടത്തിയില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ പരിപാടിയിൽ പ്രേംകുമാറിനെ ക്ഷണിച്ചിട്ടും പങ്കെടുത്തിരുന്നില്ല. സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ആയിരിക്കെ പ്രേംകുമാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു.

ഡിസംബറിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആലോചന യോഗത്തിൽ പ്രേംകുമാർ ആശ സമരം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത പരിപാടിയിലാണ് ആശ സമരം ഒത്തു തീർത്തില്ലെങ്കിൽ നാണക്കേടാകുമെന്ന്
പ്രേംകുമാർ പറഞ്ഞത്.
ഇക്കാരണങ്ങളെല്ലാം കൊണ്ട് പ്രേംകുമാർ സിപിഐഎമ്മിന് അനഭിമതനായി. പിന്നാലെയാണ് അക്കാദമിയിൽ നിന്നുള്ള പുറത്ത് പോക്ക്.നിഖില വിമൽ,സുധീർ കരമന,ശ്യാം പുഷ്ക്കരൻ,അമൽ നിരദ്,സിത്താര കൃഷ്ണകുമാർ,സാജു നവോദയ തുടങ്ങിയവർ അക്കാദമിയുടെ പുതിയ ഭരണസമിതിയിൽ അംഗങ്ങളാണ്

Advertisement