അടൂര്‍: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ വാര്‍ഷിക അസംബ്ലി അടൂരില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ പോള്‍, കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ,ട്രഷറാര്‍ റവ. ഡോ. ടി.ഐ. ജയിംസ്, എന്‍. ആര്‍. ഐ കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ. ലൂക്കോസ്, ജില്ലാ പ്രസിഡന്റ് റവ. ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, സ്വാഗത സംഘം ചെയര്‍മാന്‍ റവ. ഫാ ഡോ. എബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ജോസഫ് സാമുവേല്‍ തറയില്‍, ഡെന്നീസ് സാംസണ്‍, നിമേഷ് രാജ്, റവ.വിപിന്‍ സാം തോമസ്, ഫാ.പ്രൊഫ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് തുടരുകയാണെങ്കില്‍ കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ജനകീയ മുന്നേറ്റ യാത്ര നടത്തുന്നതിനും ക്രൈസ്തവ സമൂഹത്തെ സാംസ്‌കാരികമായി അവഹേളിക്കുന്ന നടപടികള്‍ പൊതുസമൂഹത്തില്‍ നിന്നുണ്ടാകുന്നതിനോട് ശക്തമായി പ്രതികരിക്കുന്നതിനും സഭൈക്യ പ്രാര്‍ത്ഥനാവാരവുമായി ബന്ധപ്പെട്ട ഞായറാഴ്ച എക്യുമെനിക്കല്‍ സണ്‍ഡേ ആയി ആചരിക്കുന്നതിനും വിവിധ സഭാ മത വിഭാഗങ്ങളുമായി ഡയലോഗ് നടത്തുന്നതിനും പ്രമുഖ മാധ്യമങ്ങള്‍ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ വാര്‍ത്തകള്‍ സംസ്ഥാന തലത്തില്‍ കൊടുക്കുവാന്‍ തയ്യാറാകാത്തത് അവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും അത് തുടരുകയാണെങ്കില്‍ ആവശ്യമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു.
മികച്ച ജില്ലക്കുള്ള ഒന്നും രണ്ടും സ്ഥാനം തിരുവനന്തപുരം,പത്തനംതിട്ട ജില്ലകൾക്ക് ലഭിച്ചു. മികച്ച അസംബ്ലികൾക്കുള്ള അവാർഡ് അടൂർ,വട്ടിയൂർക്കാവ് അസംബ്ലികൾക്കും,മികച്ച സോണുകളായി തണ്ണിത്തോട്,ഏറത്ത് സോണുകളും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ബാഹ്യകേരള സോണായി റാസൽ ഖൈമ സോണും,മികച്ച കമ്മീഷനായി ക്ലർജി,കറൻ്റ് ആഫയേഴ്സ് കമ്മീഷനുകളും തെരഞ്ഞെടുക്കപ്പെട്ടു
രാവിലെ നടന്ന ക്ലാസ്സുകള്‍ക്ക് റവ. ഫാ. ഡോ. കെ. എം. ജോര്‍ജ്, റവ. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഷിബി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.





































