എന്ത് സിപിഐ എന്ന് ചോദിച്ചവര്‍ക്ക് കൃത്യമായ മറുപടി

Advertisement

തിരുവനന്തപുരം. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം പുനപരിശോധിക്കാനുളള സർക്കാർ തീരുമാനം സി.പി.ഐയുടെ രാഷ്ട്രീയ
വിജയമാണ്.മുന്നണിയുടെ രാഷ്ട്രീയ നയത്തിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കില്ലെന്ന സമ്മർദ്ദം വിജയം
കണ്ടതോടെ മുന്നണിയിലെ തിരുത്തൽ ശക്തിയാണെന്ന ഖ്യാതി വീണ്ടെടുക്കാനും സിപിഐക്ക് കഴിഞ്ഞു.ശക്തമായ
നിലപാട് സ്വീകരിക്കുന്നതിൽ സിപിഐ സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ച ഐക്യവും പ്രധാന പങ്കുവഹിച്ചു

എന്ത് സിപിഐ എന്ന എംവി ഗോവിന്ദൻെറ ചോദ്യം സിപിഐക്കാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കണം, നാടൻ ഭാഷാശൈലിയായി കണക്കാക്കിയാൽ പോലും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പുച്ഛം കലർന്ന ചോദ്യത്തിന് സി.പിഐ ഉത്തരം നൽകികഴിഞ്ഞു.പാർട്ടിയുടെ വലിപ്പത്തിലല്ല, നിലപാടിലാണ് കാര്യം എന്നാണ്
ആ ഉത്തരം.പി.എം ശ്രീ പദ്ധതിയിലെ ധാരണാ പത്രത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞിരുന്ന
സി.പി.ഐ.എമ്മും സർക്കാരും നിലപാടിൽ നിന്ന് പിന്നോട്ടുപോയതോടെ ഉത്തരത്തിന്
തിളക്കം കൈവന്നിരിക്കുന്നു.സിപിഐമ്മിൻെറ ഏറാൻമൂളികളാണെന്ന് വിമർശനമേറ്റിരുന്ന
സിപിഐ നേതൃത്വത്തിന് പി,എം ശ്രീ പദ്ധതിയിലെ വിജയം ആശ്വാസമാണ്.പക്ഷഭേദങ്ങൾ മാറ്റിവെച്ച്
നേതൃത്വം ഒറ്റക്കെട്ടായി നിന്നതാണ് സിപിഎമ്മിനെ മുട്ടുകുത്തിക്കുന്നതിൽ നിർണായകമായത്.
ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതും സർക്കാർ കത്തെഴുതണമെന്നും
ആവശ്യപ്പെട്ടത് ദേശിയ സെക്രട്ടേറിയേറ്റ് അംഗം കെ.പ്രകാശ് ബാബൂവാണ്.അത് ശരിവെച്ച ബിനോയ്
വിശ്വം എം.എ.ബേബിയുമായുളള ചർച്ചകളിലൂടെ പാർട്ടിക്ക് വിജയം അവകാശപ്പെടാവുന്ന സമവായ
ഫോർമുല നേടിയെടുത്തു.പൂരം കലക്കൽ ബ്രൂവറി വിഷയത്തിലും വോട്ടുചോരിയിലും സിപിഎമ്മിന്
മുന്നിൽ അടിയറവ് പറഞ്ഞെന്ന വിമർശനം പി.എം ശ്രീയിലൂടെ ഇല്ലാതാക്കാൻ സി.പി.ഐ സംസ്ഥാന
നേതൃത്വത്തിനായി.ദേശിയ നേതൃത്വത്തിൻെറ ഉറച്ച പിന്തുണയും സംസ്ഥാന നേതൃത്വത്തിന് തുണയായി.ഇടത് രാഷ്ട്രീയ നിലപാട് ഉയർത്തി പിടിച്ചുകൊണ്ടുളള ഇടപെടലിലൂടെ മുന്നണിയിലെ തിരുത്തൽ ശക്തിയാണ് സി.പിഐയെന്ന് ഒരിക്കൽ
കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.പാർട്ടി നിലപാട് വിജയം കണ്ടെങ്കിലും ക്രെഡിറ്റ് അവകാശപ്പെടാതെ
ഇരിക്കാനുളള രാഷ്ട്രീയ പക്വതയും സിപിഐ നേതൃത്വം കാട്ടിയെന്നത് കൈപൊള്ളിയ സിപിഎമ്മിന് ആശ്വാസമാണ്.

Advertisement