വയനാട്. കമ്പളക്കാട് നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കാലുകൾ കേബിൾ ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി
പള്ളിക്കുന്ന് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഇരുനില കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ തൊഴിലാളികൾ ആണ് മൃതദേഹം കണ്ടത്. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാൽ വയർ കൊണ്ട് ചുറ്റിയ നിലയിലാണ്. മൃതദേഹത്തിന്റെ അടുത്ത് ഇന്ധനം എത്തിച്ച കാനും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിരുന്നു
ഇതര സംസ്ഥാന തൊഴിലാളിയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും മടക്കിമലയിൽ താമസിക്കുന്ന ഇതര ജില്ലക്കാരനാണെന്നുള്ള നിഗമനത്തിലാണ് പോലീസ് . ഇതുമായി ബന്ധപ്പെട്ട് പരിശോധന നടന്നു വരികയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്






































