നവംബർ മാസത്തിൽ കേരളത്തിൽ നിന്ന് ബെംഗളൂരു വഴി സത്യ സായ് നിലയത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. നവംബർ 19,21 എന്നീ തിയ്യതികളിൽ കേരളത്തിൽ നിന്നും 20 ,22 എന്നീ തിയ്യതികളിൽ ശ്രീ സത്യ സായ് നിലയത്തിൽ നിന്നുമാണ് ട്രെയിൻ സർവീസ് നടത്തുക. ഇരു ഭാഗത്തേക്കുമായി ആകെ നാല് സർവീസുകൾ മാത്രമാണ് ഉണ്ടാകുക.
തിരുവനന്തപുരം നോർത്തിൽ നിന്ന് വൈറ്റ്‌ഫീൽഡ്, കൃഷ്ണരാജപുരം വഴിയാണ് സർവീസ്. ബെംഗളൂരു യാത്രക്കാർക്കും ഈ ട്രെയിൻ ഏറെ ഉപകാരപ്പെടും. നവംബർ 19 ,21 എന്നീ തിയ്യതികളിൽ വൈകുന്നേരം 6.05 നാണ് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുക. കോട്ടയം വഴിയാണ് സർവീസ്. രാത്രി 10.07ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8.07ന് വൈറ്റ്‌ഫീൽഡിലെത്തും. 8.18ന് കൃഷ്ണരാജപുരത്തെത്തും. 11 മണിക്കാണ് ട്രെയിൻ അവസാന സ്റ്റോപ്പായ ശ്രീ സത്യ സായ് നിലയത്തിലെത്തുക.
20 ,22 തിയ്യതികളിൽ രാത്രി 9 മണിക്കാണ് ട്രെയിൻ ശ്രീ സത്യ സായ് നിലയത്തിൽ നിന്ന് പുറപ്പെടുക. 11.28ന് ട്രെയിൻ കൃഷ്ണരാജപുരത്തും 11.40ന് വൈറ്റ്‌ഫീൽഡിലുമെത്തും. അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്തെത്തുന്ന ട്രെയിൻ നാല് മണിയോടെ തിരുവനന്തപുരം നോർത്തിലെത്തും.
കേരളത്തിൽ 10 സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണവ. ഒരു എസി ടൂ ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ച്, എട്ട് സ്ലീപ്പർ ക്‌ളാസ് കോച്ചുകൾ, എട്ട് സെക്കൻഡ് ക്‌ളാസ് കോച്ചുകൾ എന്നിവയാണ് ട്രെയിനിൽ ഉണ്ടാകുക.

































