തിരുവനന്തപുരം: വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തിയതോടെ പി എം ശ്രീ വിഷയത്തിൽ പാർട്ടി തീരുമാനമെടുക്കുന്നതിന് വേണ്ടി ഇന്ന് അടിയന്തിര സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരും. മുന്നണിയിലും, മന്ത്രിസഭയിലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ഒപ്പിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര സെക്രട്ടറിയറ്റ് യോഗം ചേരുന്നത്.
അതിനിടെ കേരളം 2024 മാര്‍ച്ചിൽ തന്നെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലാണ്. അതിനാൽ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം. എൻഇപി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തിൽ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്‍റെ താൽപ്പര്യമെന്നും കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളാട് പ്രതികരിക്കുന്നില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.






































