രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍;പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

Advertisement

പാലക്കാട്: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുപരിപാടിയില്‍ പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ പങ്കെടുത്തതില്‍ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റിന്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച്‌ മറുവിഭാഗവും രംഗത്തെത്തി. അതേസമയം, വികസന പ്രവര്‍ത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിവാദങ്ങളില്‍ പ്രമീള ശശിധരന്റെ പ്രതികരണം.
പ്രമീളാ ശശിധരന്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയ്ക്കൊപ്പം നഗരസഭാധ്യക്ഷ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനം വിളിച്ചാണ് നഗരസഭ ചെയര്‍പേഴ്‌സണെ തള്ളി ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

പാലക്കാട് സ്റ്റേഡിയം ബൈപ്പാസ്-ജില്ലാ ആശുപത്രി ലിങ്ക് റോഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം ബിജെപിയുടെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ പങ്കെടുത്തത്. ബിജെപി നേതൃത്വം രാഹുലിനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയുമെന്ന പ്രഖ്യാപനവുമായി രംഗത്തുള്ളപ്പോഴായിരുന്നു ഈ സംഭവം. ഇതോടെ പാലക്കാട്ടെ ബിജെപിയില്‍ വിവാദമുയരുകയായിരുന്നു.
സി.കൃഷ്ണകുമാര്‍ വിഭാഗത്തിനൊപ്പമുള്ളവരാണ് ബിജെപി ജില്ലാ നേതൃത്വത്തിലുള്ളത്. ജില്ലാ നേതൃത്വവും നഗരസഭാധ്യക്ഷയും തമ്മിലുള്ള ചേരിപ്പോര് നേരത്തേയും ഉണ്ടായിരുന്നു.

Advertisement