കോട്ടയം. കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള കുട്ടിയെ വില്ക്കാൻ ശ്രമിച്ചു. അസം സ്വദേശികളായ ദന്പതികളുടെ
കുട്ടിയെയാണ് അരലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും ഇടനിലക്കാരനെയും കുട്ടിയെ വാങ്ങാൻ വന്നയാളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു .
ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വില്ക്കാനുള്ള ശ്രമം എതിർത്ത അമ്മ നാട്ടുകാരോട് പറയുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത് . രണ്ടരമാസമുള്ള ആൺകുട്ടിയെ അച്ഛനാണ് .
യുപി സ്വദേശിക്ക് വില്കാൻ ശ്രമിച്ചത്. 50000 രൂപയ്ക്കാണ് കുട്ടിയെ നല്കാമെന്ന് പറഞ്ഞ അച്ഛൻ അഡ്വാൻസായി
ആയിരം രൂപ കൈപ്പറ്റുകയും ചെയ്തു. രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അമ്മ എതിർത്തു. മൂന്നാം തവണ കുട്ടിയെ വില്കാൻ ശ്രമിച്ചപ്പോഴാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.
സംഭവത്തിൽ അസാം സ്വദേശിയായ അച്ഛനെയും ഇടനിലക്കാരനായ യുപി സ്വദേശികളായ ഡാനിഷ് ഖാനെയും കുട്ടിയെ വാങ്ങാൻ വന്ന യുപി സ്വദേശി അർമാൻ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പെൺകുട്ടികൾ ഉള്ളതിനാൽ ഒരാൺകുട്ടിക്ക് വേണ്ടി കുട്ടിയെ വാങ്ങാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി . അതേസമയം സാമ്പത്തിക പ്രശ്നങ്ങളാണ് കുട്ടിയെ വിൽക്കാൻ കാരണമായതെന്നാണ് അച്ഛൻറെ മൊഴി . പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും






































