തിരുവനന്തപുരം: യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം എന്നത് പലരുടെയും ആശങ്കയാണ്. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ശുചിത്വമിഷനുമായി ചേര്‍ന്ന് സര്‍ക്കാര്‍. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരില്‍ പ്രത്യേക ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നു. യാത്രക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ആപ് സഹായിക്കും. ഫ്രൂഗല്‍ സയിന്റിഫിക് സ്റ്റാര്‍ട്ടപ്പാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാര്‍ട്ണറാകും.
സ്വകാര്യമേഖലയിലുള്‍പ്പെടെയുള്ള ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ ആപ്പുമായി ബന്ധിപ്പിക്കും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ആപ്പില്‍ ലഭ്യമായ ശുചിമുറികളുടെ സേവനം ഉപയോഗപ്പെടുത്താം. തത്സമയ അപ്‌ഡേറ്റ്, മാപ്പില്‍ ലഭിക്കുന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം എന്നിവയോടൊപ്പം വൃത്തിയുടെയും മറ്റ് സൗകര്യങ്ങളുടെയും ഗുണനിലവാര റേറ്റിങ്ങും ഉപയോക്താക്കള്‍ക്ക് രേഖപ്പെടുത്താം.
ആപ്പില്‍ അംഗമാകുന്ന സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍, റെസ്റ്റോറന്റുകളിലെ സിഗ്‌നേച്ചര്‍ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങള്‍, സൗകര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ആപ്പില്‍ നല്‍കുകവഴി ഇതുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം വര്‍ധിപ്പിക്കാനാകും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന ക്ലൂ ആപ്പിലേക്ക് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ശുചിമുറികള്‍ ലഭ്യമായ മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ 28 മുതല്‍ ആരംഭിക്കുമെന്ന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. https://suchitwamission.org വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പാര്‍ട്ണറാകാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികള്‍ക്ക് 9074865493 നമ്പരില്‍ ബന്ധപ്പെടാം.

































👍👍